ത്രിപുരയിലെ വര്‍ഗീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിന് അറസ്റ്റിലായ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നിയമനടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തി സുപ്രീംകോടതി. എച്ച്.ഡബ്ല്യു നെറ്റ് വര്‍ക്കിലെ സമൃദ്ധി ശകുനിയ, സ്വര്‍ണ ഝാ എന്നിവര്‍ക്കെതിരെയുള്ള നടപടികളിലാണ് ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ഏര്‍പ്പെടുത്തിയത്. സംഭവത്തില്‍ അടുത്ത നാല് ആഴ്ചയ്ക്കുള്ളില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ത്രിപുര സര്‍ക്കാരിന് നോട്ടീസ് അയച്ചു.
വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വി.എച്ച്.പി നേതാവ് കാഞ്ചന്‍ ദാസ് നല്‍കിയ പരാതിയിലായിരുന്നു നടപടി. മതത്തിന്റെ പേരില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു എന്നാരോപിച്ചായിരുന്നു വര്‍ഗീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തുന്നെന്ന് ആരോപിച്ച് വടക്കന്‍ ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിയില്‍ പള്ളികള്‍ തകര്‍ക്കുകയും കടകള്‍ കത്തിക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നത്.
മുസ്‌ലിങ്ങള്‍ക്കെതിരെ ത്രിപുരയില്‍ നടന്ന ആക്രമണത്തില് പൊലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിച്ചതെന്ന് ആരോപിച്ച രണ്ട് അഭിഭാഷകര്‍ക്കെതിരെയും നേരത്തെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. സംഭവത്തില്‍ വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകര്‍ക്കെതിരെയാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്.