മോഫിയയുടെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

0
63

ആലുവയിൽ നിയമവിദ്യാർഥിനി മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സെഷൻസ് കോടതിയുടേതാണ് നടപടി. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാപിതാക്കൾ എന്നിവരാണ് കേസിലെ പ്രതികൾ.

ആലുവ മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ഹരജി നേരത്തെ തള്ളിയിരുന്നു. മോഫിയയുടെ ആത്‌മഹത്യക്ക് കാരണം തങ്ങളല്ലെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായെന്നും ആയിരുന്നു ഇവരുടെ വാദം. എന്നാൽ സുഹൈലിന്റെ മൊബൈൽ ഫോൺ അടക്കം ശാസ്‌ത്രീയമായി പരിശോധിക്കുകയാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മോഫിയയുടെ ആത്‌മഹത്യ കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഭർത്താവിന്റെ വീട്ടിൽ മോഫിയ കടുത്ത പീഡനമാണ് നേരിട്ടതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ പലതവണ മോഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു. ഭർതൃവീട്ടുകാർ മോഫിയയോട് അടിമയോടെന്ന പോലെയാണ് പെരുമാറിയിരുന്നത്. ഭർതൃമാതാവ് മോഫിയയെ സ്‌ഥിരമായി ഉപദ്രവിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഗാർഹിക പീഡന പരാതിയിൽ കേസെടുക്കുന്നതിൽ ആലുവ സിഐ സിഎൽ സുധീറിന് വീഴ്‌ച സംഭവിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് അന്വേഷണം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ബന്ധുക്കൾ ഉയർത്തിയ എല്ലാ പരാതികളും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.