സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ സൈനിക ഹെലികോപ്ടർ തകർന്ന സംഭവത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഊട്ടി കുനൂരിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്. വ്യോമസേന ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വിംഗ് കമാൻറർ ഭരദ്വാജിൻറെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വ്യോമസേന മേധാവി വി ആർ ചൗധരി അപകടസ്ഥലത്ത് എത്തി തകർന്ന ഹെലികോപ്റ്റർ പരിശോധിച്ചു.
ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപ് സംഭവിച്ചതിനെക്കുറിച്ച് വ്യക്തത വരുന്നതിനായി ഫ്‌ളൈറ്റ് റെക്കോർഡർ സഹായിക്കും. വിശദ പരിശോധനയ്ക്ക് ശേഷം അപകട കാരണം വ്യക്തമാകും. പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്കാണ് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്‌റ്റർ അപകടത്തിൽപെട്ടത്. 13 പേർ കൊല്ലപ്പെട്ട അപകടത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ തകർന്നത്.വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
അതിനിടെ അപകടത്തെക്കുറിച്ച് സംയുക്തസേന അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ അറിയിച്ചു. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.