ജ. ബിപിൻ റാവത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ; മൃതദേഹം ഇന്ന് ഡെൽഹിയിൽ എത്തിക്കും

0
61

രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം നാളെ നടക്കും. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് സൈനിക വിമാനത്തിൽ കൊണ്ടുവരും. അപകടത്തില്‍ മരണപ്പെട്ട മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ഡെൽഹിയിൽ എത്തിക്കും.

ബുധനാഴ്‌ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്‌ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം17 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.

നാളെ അദ്ദേഹത്തിന്റെ വീട്ടിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കും. തുടർന്ന് കാമരാജ് മാർഗിൽ നിന്ന് ദില്ലി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്ക് മൃതശരീരം കൊണ്ടുപോകും. എല്ലാ ബഹുമതികളും നൽകിയാകും സംസ്കാര ചടങ്ങുകൾ നടക്കുക.

ഊട്ടി വെല്ലിങ്ടൺ മദ്രാസ്‌ റെജിമെൻറ്‌ സെൻററിൽ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും ഗവർണറും വ്യോമസേനാ മേധാവിയും പുഷ്‌പചക്രം സമർപ്പിക്കും. റാവത്തിന്റെ സ്വദേശമായ ഉത്തരാഖണ്‌ഡിൽ മൂന്ന്‌ ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്‌