ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചെങ്കിലും കൊടുക്കാനായില്ല: ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ പുറത്ത്

0
38

രാജ്യത്തെ നടുക്കിയ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംയുക്തസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചിരുന്നെങ്കിലും കൊടുക്കാന്‍ സാധിച്ചില്ലെന്ന് പ്രദേശവാസിയായ ശിവകുമാര്‍. ‘ഗെറ്റ് സം വാട്ടര്‍ പ്ലീസ്’ എന്ന് അദ്ദേഹം ചോദിച്ചു; പക്ഷേ വെള്ളം കൊടുക്കാനായില്ല, വിഷമമുണ്ട്- ഹെലികോപ്ടര്‍ അപകടത്തില്‍ ദൃക്‌സാക്ഷിയും രക്ഷാപ്രവർത്തകനുമായ ശിവകുമാര്‍ എന്ഡിടിവിയോട് പറഞ്ഞു.

തൊട്ടടുത്ത് വെള്ളം കിട്ടുന്ന സ്ഥലമുണ്ടായിരുന്നില്ലെന്നും വെള്ളം കൊടുക്കാനാകാത്തതില്‍ വിഷമമുണ്ടെന്നും ശിവകുമാര്‍ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അപകടം ഉണ്ടായപ്പോള്‍ ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ ആളുകളില്‍ ഒരാളാണ് ശിവകുമാര്‍.

’12 മണിയോടെയാണ് അപകടം നടക്കുന്നത്. ഇടിമുഴക്കം പോലെയുള്ള ശബ്ദമാണ് കേട്ടത്, ചുറ്റും കനത്ത പുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. ആകെ തീപിടിച്ചിരുന്നു, ചുറ്റും വലിയ അളവില്‍ പുകയും പരന്നു. പിന്നെ ആകെ ചെയ്യാന്‍ കഴിഞ്ഞത് അപകടത്തിനിടയില്‍ ആരെങ്കിലും കാട്ടിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് തിരഞ്ഞ് നോക്കലായിരുന്നു. അങ്ങനെയാണ് കാട്ടില്‍ പരിശോധിക്കാന്‍ തുടങ്ങിയത്.

അങ്ങനെ മൂന്ന് പേര്‍ കോപ്റ്ററിന് പുറത്ത് കാട്ടിലായി പരിക്കേറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ത്തന്നെ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിനിടയിലാണ് ബിപിന്‍ റാവത്ത് വെള്ളം ആവശ്യപ്പെടുന്നത്. ‘ഗെറ്റ് സം വാട്ടര്‍ പ്ലീസ്’ എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ആ അവസ്ഥയില്‍ വെള്ളം കൊണ്ടുവരിക പ്രായോഗികമല്ലായിരുന്നു, തൊട്ടടുത്ത് വെള്ളം കിട്ടുന്ന സ്ഥലമുണ്ടായിരുന്നില്ല’- ശിവകുമാര്‍ വ്യക്തമാക്കി.

‘അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു പ്രഥമപരിഗണന. അങ്ങനെ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ഹോസ്പിറ്റലിലെത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ രക്ഷപ്പെടുത്തുമ്ബോള്‍ അദ്ദേഹമായിരുന്നു ബിപിന്‍ റാവത്തെന്നും സംയുക്ത സൈനിക മേധാവിക്കാണ് ഈ അപകടം സംഭവിച്ചതെന്നും അറിയില്ലായിരുന്നു. സേനയിലെ ഉന്നത ഉദ്യോഗസ്ഥരാണ് അവരെന്ന് പിന്നീട് വാര്‍ത്ത കണ്ടപ്പോഴാണ് മനസ്സിലായത്.

വാഹനത്തിന് കയറി വരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ പരിക്കേറ്റവരെ പുതപ്പിച്ചാണ് റോഡിലേക്ക് ചുമന്നുകൊണ്ടുപോയത്. അപ്പോഴേക്കും അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി.അദ്ദേഹം വെള്ളം ചോദിച്ചിട്ടും ആ അവസ്ഥയില്‍ വെള്ളം കൊടുക്കാനാകാത്തതില്‍ വിഷമമുണ്ട്’- ശിവകുമാര്‍ പറഞ്ഞു.