‘ബാല കേരളം’; കുട്ടികള്‍ക്കായി സാംസ്‌കാരിക വകുപ്പ് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി

0
91

കുട്ടികളിൽ ശാസ്‌ത്രബോധവും യുക്‌തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് ‘ബാല കേരളം’ പദ്ധതി ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു ലക്ഷത്തോളം വിദ്യാർഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ഭാരത് ഭവനിൽവെച്ച് നടന്ന 2020ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര സമർപ്പണം ഉൽഘാടനം ചെയ്‌തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജാതീയവും വർഗീയവുമായ ചിന്തകളിൽ നിന്നും തീവ്രവാദത്തിൽ നിന്നും കേരളത്തിലെ കുട്ടികളെ മുക്‌തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാഹിത്യകാരൻമാരും സാംസ്‌കാരിക പ്രവർത്തകരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാമൂഹിക തിൻമകൾക്കെതിരെ പ്രതികരിക്കണം; മന്ത്രി പറഞ്ഞു.

ചടങ്ങിൽവെച്ച് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം പെരുമ്പടവം ശ്രീധരന് മന്ത്രി നൽകി. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി മധുസൂദനൻ നായർ മുഖ്യാതിഥിയായിരുന്നു.

അക്കാദമി സെക്രട്ടറി ഡോ. കെപി മോഹനൻ, വൈസ് പ്രസിഡണ്ട് ഡോ. ഖദീജ മുംതാസ്, നിർവാഹക സമിതി അംഗങ്ങളായ പ്രൊഫ. വിഎൻ മുരളി, സുഭാഷ് ചന്ദ്രൻ, ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. സി ഉണ്ണികൃഷ്‌ണൻ, ബെന്യാമിൻ, മങ്ങാട് ബാലചന്ദ്രൻ, വിഎസ് ബിന്ദു എന്നിവരും ചടങ്ങിൽ സന്നിഹിതരായി.