ഇന്ത്യയിൽ 20 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു

0
39

ഇന്ത്യയിലെ പുതിയ ഐടി ചട്ടം അനുസരിച്ച് ഒക്ടോബറില്‍ 20ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്ആപ്പ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്രയുമധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് എന്നത് കൊണ്ട് ഉപയോക്താവിന് എന്തുംചെയ്യാം എന്ന് കരുതരുതെന്ന് വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

പുതിയ ഐടി ചട്ടം അനുസരിച്ച് വിവരങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. സര്‍വീസ് ചട്ടങ്ങള്‍ പാലിച്ചില്ലായെങ്കില്‍ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.

വ്യാജ അക്കൗണ്ട് നിര്‍മ്മിക്കുക, കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത വ്യക്തി തുടര്‍ച്ചയായി മെസേജുകള്‍ ചെയ്ത് ശല്യം ചെയ്യുക, വാട്‌സ്ആപ്പ് ഡെല്‍റ്റ, ജിബി വാട്‌സ്ആപ്പ് തുടങ്ങി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുക, നിരവധി ഉപയോക്താക്കള്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുക, വാട്‌സ്ആപ്പ് അക്കൗണ്ടിനെതിരെ നിരവധി പരാതികള്‍ ഉയരുക, മാല്‍വെയര്‍ അല്ലെങ്കില്‍ ഫിഷിങ് ലിങ്കുകള്‍ അയക്കുക, അശ്ലീല ക്ലിപ്പുകളോ, ഭീഷണി സന്ദേശങ്ങളോ അയക്കുക, അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയക്കുക, കലാപത്തിന് പ്രേരണ നല്‍കുന്ന സന്ദേശങ്ങളോ, വീഡിയോകളോ പ്രചരിപ്പിക്കുക എന്നി കാരണങ്ങളാല്‍ അക്കൗണ്ടിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.