പ്രതികളെ രക്ഷിക്കാമെന്നേറ്റ അഭിഭാഷകനൊപ്പം സുരേന്ദ്രന്‍ ശബരിമലയില്‍

0
113

സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌കുമാറിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ബിജെപി നിയോഗിച്ച അഭിഭാഷകനോടൊപ്പം സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ശബരിമലയിൽ. തിങ്കളാഴ്ച രാവിലെയാണ് പന്തളത്തുനിന്നും ബിജെപി സംഘം ശബരിമലയ്ക്ക് യാത്രതിരിച്ചത്.

സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, അഡ്വ. കെ പ്രതാപൻ, ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ്, സെക്രട്ടറി കെ വി പ്രഭ, വാർഡ് കൗൺസിലർ പുഷ്പലത എന്നിവരോടൊപ്പമാണ് തിരുവൻവണ്ടുർ സ്വദേശിയായ അഭിഭാഷനും മലകയറിയത്‌.

സന്ദീപിനെ വകവരുത്തിയശേഷം പ്രതികൾക്ക്‌ അഭയം കൊടുക്കാൻ ബിജെപി മുൻകൂട്ടി നിശ്‌ചയിച്ചിരുന്ന ആളാണിയാൾ. കൃത്യം നടത്തിയശേഷം പ്രതികൾ ആദ്യം കാണാൻ പോയതും തിരുവല്ലയിൽ ബിജെപിയുടെ കേസുകൾ കൈകാര്യം ചെയ്യുന്ന ഈ അഭിഭാഷകനെയാണ്. അഞ്ചാംപ്രതി അഭിജിത്തിന്റെ ഫോൺ സംഭാഷണത്തിലൂടെ പൊലീസ്‌ ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നു. കൊലപാതകത്തിന്റെ അന്ന് രാത്രി തന്നെ ഇയാളുടെ വീട്ടിലും ഓഫീസിലും പൊലീസ്‌ നിരീക്ഷണം ശക്തമാക്കുകയും ചെയ്‌തു.

കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിക്കുന്ന ബിജെപി നേതൃത്വത്തിന്റെ കള്ളക്കളിയാണ് ഇതിലൂടെ വെളിപ്പെടുന്നത്. കുറ്റപ്പുഴ ലോഡ്‌ജിൽ മാസങ്ങളായി ജിഷ്ണുവിന്റെ നേതൃത്വത്തിൽ ക്രിമിനൽ സംഘം തമ്പടിച്ചിരുന്നു. കൊലയ്ക്ക് ശേഷം പകരം പ്രതികളെ ചേർക്കുന്നതും കേസ്‌ നടത്തിപ്പും മുൻകൂട്ടി തീരുമാനിക്കുകയും ചെയ്‌തു. അതിനെല്ലാം പിന്നിൽ ഈ അഭിഭാഷകന്റെ ഉപദേശം ഉണ്ടായിരുന്നതായും സംശയിക്കുന്നു.