തമിഴ്‌നാട്ടില്‍ നിന്ന് പമ്പ വരെ ബസ് സര്‍വീസിന് അനുമതി; ഈ മാസം 15 മുതല്‍ സര്‍വീസുകള്‍

0
27

തമിഴ്‌നാട്ടില്‍ നിന്നുള്ള സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ക്ക് പമ്പ വരെ അനുമതി നല്‍കിയതായി ഗതാഗതമന്ത്രി ആന്റണി രാജു. കൊവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ നിലയ്ക്കല്‍ വരെയായിരുന്നു ബസുകള്‍ക്ക് അനുമതിയുണ്ടായിരുന്നത്. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് പമ്പ വരെ ബസ് സര്‍വീസ് ദീര്‍ഘിപ്പിച്ചത്.

ചെന്നൈയില്‍ നിന്ന് നേരിട്ട് കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ശബരിമലയിലേക്ക് കര്‍ണാടകയുടെ രാജഹംസ ബസ് സര്‍വീസ് ഈ മാസം 15 മുതല്‍ ആരംഭിക്കും. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് പമ്പ വരെയാണ് സര്‍വീസ് നടത്തുക. ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 1.31നും മൈസൂരുവില്‍ നിന്ന് വൈകിട്ട് 5.17നുമാണ് ബസ് പുറപ്പെടുക. 950 രൂപയാണ് ബംഗളൂരുവില്‍ നിന്ന് ചാര്‍ജ്. മൈസൂരുവില്‍ നിന്ന് 750 രൂപ.

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പുനരാരംഭിച്ചത്. സംസ്ഥാന അതിര്‍ത്തി കടന്നുകൊണ്ടുള്ള ബസ് സര്‍വീസുകളാണ് പുനരാരംഭിച്ചത്. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.