സന്ദീപ് വധം: അന്വേഷണം കൂടുതല്‍ പേരിലേക്ക്, വ്യാജവിലാസം നൽകിയത് ഉന്നത ബിജെപിക്കാരെ സഹായിക്കാൻ

0
99

സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. കൊലപാതകം നടത്തിയതിലെ ആസൂത്രണം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം ഉണ്ടാവുക. അതിനിടെ നാലാം പ്രതിയായ മുഹമ്മദ് ഫൈസല്‍ എന്ന പേരില്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. വ്യാജവിലാസം നൽകിയത് കൊലപാതകം ആസൂത്രണം ചെയ്ത ചില ബിജെപി നേതാക്കളെ ഒഴിവാക്കുന്നതിനുവേണ്ടിയാണെന്നും പുറത്തുവന്നു. മാത്രമല്ല, അഞ്ചാം പ്രതി അഭിയെന്ന വിഷ്‌ണുകുമാർ സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഉന്നത ബന്ധമുള്ള ഒരു നേതാവ് തങ്ങള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

ഇതിനുശേഷമാണ് കാസർകോട് മൊഗ്രാൽ സ്വദേശിയായ മൻസൂർ വ്യാജവിലാസം നൽകുന്നതും. സംഭവത്തിന് മുമ്പും ശേഷവും ബിജെപിക്കാരായ ക്രിമിനലുകൾ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പിടിക്കപ്പെട്ടാൽ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് അഭിഭാഷകനായ ബിജെപി നേതാവിന്റെ നിർദ്ദേശപ്രകാരം വ്യാജവിലാസം നൽകിയത്.

കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇവരെ ഒളിവില്‍ പോവാന്‍ സഹായിച്ചവരെ ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. മൂന്ന് പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് രതീഷ് എന്ന സുഹൃത്താണ്. ഇയാളെ കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രതീഷിനേയും കൊലപാതക കേസില്‍ പ്രതി ചേർക്കും. രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കസ്റ്റഡിയിലുള്ള പ്രതികളുടെയും കഴിഞ്ഞകാലങ്ങളിലെ ഫോണ്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്.