വൈപ്പിനിലെ വീട്ടമ്മയുടെയും മകന്റെയും മരണം: പ്രതിക്കായി ബിജെപി നേതാവ്‌ ഇടപെട്ടു, ആരോപണവുമായി ബന്ധുക്കൾ

0
114

വൈപ്പിൻ നായരമ്പലത്ത് അമ്മയും മകനും ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ്‌ മരിച്ച സംഭവത്തിൽ പ്രതിയായ പി ടി ദിലീപ് എന്ന ബിജെപിക്കാരനുവേണ്ടി നേതാക്കളും ഇടപെട്ടുവെന്ന്‌ ബന്ധുക്കൾ. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ സിന്ധു (42), മകൻ അതുൽ (17) എന്നിവരാണ്‌ പൊള്ളലേറ്റു മരിച്ചത്. സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും സിന്ധുവിന്റെ സഹോദരൻ ജോജോ ആവശ്യപ്പെട്ടു.

അയൽവാസിയും ബിജെപി പ്രവർത്തകനുമായ പി ടി ദിലീപ്‌ നിരന്തരം ശല്യം ചെയ്യുന്നുവെന്ന്‌ കാണിച്ച്‌ സിന്ധു ഞാറയ്‌ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. അടുത്ത ദിവസം പൊലീസ് ഇരു കക്ഷികളേയും വിളിപ്പിച്ചിരുന്നു. ദിലീപ് എത്തിയപ്പോള്‍ കൂടെ ഒരു ബിജെപി നേതാവുമുണ്ടായിരുന്നു. എങ്ങനെയെങ്കിലും തീര്‍ത്തുതരണം എന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടുവെന്നും ജോജോ പറഞ്ഞു. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ടാംവാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ദിലീപ്.

കുറച്ചുനാൾ മുമ്പ് ദിലീപിന്റെ വീട്ടില്‍ പോയി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. സഹോദരിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തപ്പോൾ ദിലീപ് ജോജോയെ അടക്കം പലതവണ തവണ മര്‍ദ്ദിച്ചു. ഇതോടെയാണ് സിന്ധു പരാതി നല്‍കിയത്‌. ദിലീപ് ബിജെപി പ്രവര്‍ത്തകനാണെന്നും അയാള്‍ക്കു പിന്നില്‍ ആളുണ്ടെന്നും സിന്ധുവിന്റെ അമ്മ പറഞ്ഞു.
ദിലീപിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടതാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ദിലീപിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്.