‘ലീഗ് ഇല്ലെങ്കില്‍ സമസ്തയും, മുജാഹിദും ഇവിടെ ഉണ്ടാവില്ല. പിന്നല്ലേ കാന്തപുരം’ , ഭീഷണിയുമായി ലീഗ് നേതാവ് ഷാഫി ചാലിയം

0
87

മുസ്ലിം മതപണ്ഡിതർക്കെതിരെ ഭീഷണിയുമായി ലീഗ് നേതാവ് ഷാഫി ചാലിയം. സുന്നി ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യാ നേതാവും ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബുബക്കർ മുസലിയാർ പേരെടുത്ത് പറഞ്ഞാണ് ഷാഫി ചാലിയാത്തിന്റെ ഭീഷണി. ‘ലീഗ് ഇല്ലായിരുന്നെങ്കില്‍ മതപ്രഭാഷണം നടക്കില്ല, മദ്രസകള്‍ ഉണ്ടാകില്ല’, സമസ്തയും, മുജാഹിദും ഇവിടെ ഉണ്ടാവില്ല. പിന്നല്ലേ കാന്തപുരം’ എന്ന് പറഞ്ഞാണ് ഭീഷണി.

വഖഫ് നിയമനങ്ങളുടെ പേര് പറഞ്ഞ് വർഗീയ മുതലെടുപ്പ് നടത്താൻ വെള്ളിയാഴ്ച പള്ളികളിൽ നടത്താൻ തീരുമാനിച്ച പ്രതിഷേധ പരിപാടിക്കെതിരെ മതപണ്ഡിതർ രംഗത്തുവന്നിരുന്നു. മുസ്‌ലിം സംഘടനകളെ പിന്നിൽനിർത്തി വർഗീയ രാഷ്ട്രീയം കളിക്കാനുള്ള ലീഗിന്റെ കുത്സിത നീക്കങ്ങളാണ് ഇതുവഴി പാളിയത്. ഇതോടെയാണ് ഷാഫി ചാലിയം പ്രകോപിതനായി രംഗത്തുവന്നത്.

‘ലീഗ് ഇല്ലെങ്കില്‍ എന്ന ക്യാപ്ഷനില്‍ ഷാഫി ചാലിയം എന്ന് പേരിലുള്ള യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പ്രസംഗത്തിന്റെ ഭാഗം അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ലീഗ് പോരാടി നേടിയ ഭരണഘടനാ സംരക്ഷണത്തിന്റെ പുറത്താണ് സുന്നിയും മുജാഹിദും മറ്റ് സംഘടനകളുമൊക്കെ ഇവിടെ ഉണ്ടായതെന്നും ഷാഫി പറയുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളിയായ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് മതസംഘടനകള്‍ ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യമെന്നും ലീഗ് പോരാടി നേടിയതാണ് ഇതെല്ലാമെന്നും ഷാഫി ചാലിയം അവകാശവാദം ഉന്നയിക്കുന്നു.

 

‘ആദ്യം ലീഗാണോ, സുന്നിയാണോ, മുജാഹിദാണോ എന്ന ചോദ്യക്കാരോട്. നിങ്ങള്‍ ഈ കൊണ്ടുനടക്കുന്ന സ്വാതന്ത്ര്യം ഭരണഘടനാ സംരക്ഷണത്തിലൂടെയാണ് കിട്ടിയത്. ഭരണഘടന തയ്യാറാക്കുമ്ബോള്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാനും വര്‍ജിക്കാനുമുള്ള അവകാശം എന്ന ഭാഗം വന്നപ്പോള്‍ ഇസ്മായില്‍ സാഹിബ് ഇടപെട്ടാണ് പ്രബോധനം എന്ന ഭാഗം എഴുതിച്ചേര്‍ത്തത്. അന്ന് ലീഗ് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് നാട്ടില്‍ വയള് (മതപ്രഭാഷണം) നടക്കില്ലായിരുന്നു, മദ്‌റസകള്‍ ഉണ്ടാകില്ലായിരുന്നു, ഒരു സംഘടനയും മഹാസമ്മേളനങ്ങള്‍ സംഘടിപ്പിക്കില്ലായിരുന്നു. ലീഗ് ഈ അവകാശങ്ങള്‍ നേടിയെടുത്തില്ലായിരുന്നെങ്കില്‍ മത സംഘടനകളുടെ ഗതി എന്താകുമെന്ന് ചിന്തിക്കണം. ലീഗുണ്ടായാലേ സുന്നിയും മുജാഹിദുമൊക്കെ ഇവിടെയൊള്ളു’ എന്നായിരുന്നു ഷാഫിയുടെ ഭീഷണി.