വ്യവസായ നടത്തിപ്പിൽ സംശയങ്ങളുണ്ടോ? ഹെൽപ് ഡെസ്കിലേക്ക് വിളിച്ചോളൂ

0
70

വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും അവ ദൂരീകരിക്കാൻ പുതിയ പദ്ധതിയുമായി വ്യവസായ വകുപ്പ്. ഇതിന്റെ ഭാഗമായി ഹെൽപ് ഡെസ്ക് തുടങ്ങി. വ്യവസായ സംരംഭങ്ങൾക്ക് വേണ്ട അനുമതികൾ സമയബന്ധിതമായി ലഭ്യമാക്കാൻ സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനമായ കെ-സ്വിഫ്‌റ്റിൻ്റെ ഭാഗമായിട്ടാണ് വ്യവസായികൾക്കുള്ള വിവിധ സംശയങ്ങളും ആകുലതകളും ദൂരീകരിക്കുന്നതിനുള്ള കോൾ സെൻറർ പ്രവർത്തിക്കുന്നത്. “1800 890 1030” എന്ന ടോൾഫ്രീ നമ്പറോടുകൂടിയ ഹെൽപ് ഡെസ്ക് നിലവിൽ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് പ്രവർത്തിക്കുന്നത്.

സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷത്തെ ഉത്തേജിപ്പിക്കുന്നതിനും വേണ്ട വിധത്തിലുള്ള പ്രോത്സാഹനം നൽകുന്നതിനും വേണ്ടി നിരവധി നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. ഇതിൻ്റെ ഭാഗമായി ആരംഭിച്ച കോൾ സെൻ്ററിലൂടെ വ്യവസായികളുടെയും സംരംഭകരുടെയും സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നു. കഴിഞ്ഞ ഒരുവർഷ കാലയളവിൽ ഇൻവെസ്റ്റ് കേരള ഹെല്പ് ഡെസ്കിലൂടെ വ്യവസായ സംരംഭകരുടെ 8,601 സംശയങ്ങൾക്ക് പരിഹാരം കണ്ടെത്തി. ഒരു ദിവസം ശരാശരി 27 കോളുകൾ വന്നിട്ടുണ്ട്.

സംശയനിവാരണത്തിന് 15 ദിവസം സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ശരാശരി 3.88 ദിവസങ്ങൾക്കുള്ളിൽതന്നെ ഒരു സംശയത്തിനോ പ്രശ്നത്തിനോ പരിഹാരം നല്കാൻ സാധിച്ചിട്ടുണ്ട്. ഹെല്പ് ഡെസ്ക് വഴി സംശയങ്ങൾ ആരാഞ്ഞ 88.28% സംരംഭകരും ഈ സംവിധാനത്തെ പറ്റി നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.