ഔദാര്യമല്ല, ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം; ഉദ്യോഗസ്‌ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

0
71

തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പലപ്പോഴും തദ്ദേശ സ്വയംഭരണ ജീവനക്കാരിൽ നിന്ന് ജനങ്ങളോട് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം. കസേരയിൽ ഇരിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനോ വിഷമിപ്പിക്കാനോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്‌റ്റാഫ്‌ യൂണിയൻ സംസ്‌ഥാന സമ്മേളനം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരും വ്യക്‌തിപരമായ ഔദാര്യത്തിന് വേണ്ടി വരുന്നതല്ല. അവയുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്ന് ഓർക്കണം. സംസ്‌ഥാനത്തിന്റെ പൊതുസ്വഭാവത്തിന് ചേരാത്ത ദുഷ്‌പ്രവണതകൾ നിലനിൽക്കുന്നു എന്നതാണ് വസ്‌തുത. ഇതിൽ നിന്ന് എങ്ങനെ മുക്‌തി നേടുമെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുവദിക്കാൻ പറ്റാത്ത കാര്യങ്ങൾ പറ്റില്ലെന്ന് തന്നെ പറയണം. എന്നാൽ, അനുവദിക്കാവുന്ന കാര്യങ്ങളിലും വിമുഖ സ്വീകരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി സമീപിക്കുമ്പോൾ തദ്ദേശ സ്‌ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നു.ആരും നിങ്ങളുടെ വ്യക്‌തിപരമായ ഔദാര്യത്തിന് വേണ്ടി വരുന്നവരല്ല. അവരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഫിസുകളിൽ വന്ന് തിക്‌താനുഭവങ്ങളുമായി മടങ്ങി പോകുന്നവരുണ്ട്. ഇത്തരം കാര്യങ്ങൾ ഗൗരവമായി പരിശോധിക്കണം. ഇത്തരം ഉദ്ദേശങ്ങൾക്കല്ല കസേരയിൽ ഇരിക്കുന്നത്. അങ്ങനെ ഇരിക്കുന്നവർക്ക് ഒരിക്കൽ പിടിവീഴും. പിന്നെ അവരുടെ താമസം എവിടെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.