1,707 അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുത്തില്ല; കണക്കുകൾ പുറത്ത്

0
114

സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 1,707 അധ്യാപകരും അനധ്യാപകരുമാണ് സംസ്‌ഥാനത്ത് ഇനിയും കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ളത്. ഏറ്റവും കൂടുതൽ അധ്യാപകർ വാക്‌സിൻ സ്വീകരിക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്.

വാക്‌സിനെടുക്കാത്തവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്‌സിൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി വിഭാഗത്തിൽ 200 അധ്യാപകരും, 23 അനധ്യാപകരും ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിഎച്ച്എസ്ഇയിൽ 229 അധ്യാപകർ വാക്‌സിനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യ പരിഗണന നൽകുന്നതെന്നും, അതിന്റെ ഭാഗമായാണ് വാക്‌സിനേഷന് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. ആദ്യം പുറത്തു വന്ന കണക്കുകൾ പ്രകാരം 5000ത്തോളം അധ്യാപകർ വാക്‌സിൻ എടുക്കാൻ ഉണ്ടായിരുന്നു. എന്നാൽ സർക്കാർ ആവശ്യപ്പെട്ടതോടെ പലരും വാക്‌സിൻ എടുക്കുകയായിരുന്നു. ഇതാണ് കണക്കുകൾ കുറയാൻ കാരണമായത്. വാക്‌സിൻ എടുക്കാത്ത അധ്യാപകരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രി അറിയിച്ചു.