സഞ്ജിത്തിന്റെ കൊലപാതകം; പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

0
74

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ഇന്ന് അറസ്റ്റിലായ പ്രതി നിസാർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. നെന്മാറ സ്വദേശി അബ്ദുൽ സലാം, കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. നെന്മാറ അടിപ്പരണ്ട സ്വദേശി അബ്ദുൾ സലാമാണ് കേസിൽ ഒന്നാം പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.

കൊലപാതക സംഘത്തിന്റെ വാഹനം ഓടിച്ചത് അബ്ദുൽ സലാമാണ്. സഞ്ജിത്തിനെ വെട്ടിയവരിൽ ഒരാൾ കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫറാണ്. കേസിൽ അഞ്ച് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് പതിനേഴ് ദിവസം പിന്നിട്ട ശേഷമാണ് മൂന്നാമത്തെ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയത്. കൃത്യം നിർവഹിച്ച ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചയാളാണ് നിസാർ. ഒറ്റപ്പാലം സ്വദേശിയാണ് ഇയാൾ. പ്രതികള്‍ രക്ഷപ്പെട്ട ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.