തലശ്ശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മതസ്പര്‍ദ്ധയുളവാക്കുന്ന മുദ്രാവാക്യം വിളിയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇതൊന്നും വലിയ സംഭവമായി കാണേണ്ടെന്നും സ്വാഭാവിക പ്രതിഷേധമായി മാത്രം കണ്ടാല്‍ മതി എന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
വിദ്വേഷ മുദ്രാവാക്യം വിളിക്കെതിരെ കണ്ടാലറിയാവുന്ന 25ല്‍ അധികം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പള്ളികള്‍ തകര്‍ക്കുമെന്ന ബി.ജെ.പിയുടെ വിദ്വേഷ മുദ്രാവാക്യം വിളിക്കെതിരെ ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കെ.ടി. ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളി. ”അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേള്‍ക്കില്ല,” എന്നാണ് ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍.
എന്നാല്‍, സി.പി.ഐ.എം കേരളത്തില്‍ ഉള്ളടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും നടപ്പാക്കില്ലെന്നായിരുന്നു സി.പി.ഐ.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞത്. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സി.പി.ഐ.എമ്മിനും മതനിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് ഓര്‍ക്കണമെന്നും പി. ജയരാജന്‍ പറഞ്ഞു.