മുല്ലപ്പെരിയാർ: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കും ‐ മന്ത്രി റോഷി അഗസ്‌റ്റിൻ

0
61

ഇന്നലെ അർധരാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന സംഭവത്തിൽ തമിഴ്‌നാട്‌ സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന്‌ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. അണക്കെട്ട്‌ തുറക്കുബോൾ പാലിക്കേണ്ട നടപടികൾ പൂർത്തിയാക്കാതെ തുറന്നു വിടുന്നത്‌ അതീവ ഗൗരവമായാണ്‌ കാണുന്നത്‌. മുഖ്യമന്ത്രി തന്നെ നേരിട്ട്‌ ഈ കാര്യം തമിഴ്‌നാടിനെ അറിയിക്കും. ഉടൻ തന്നെ മേൽനോട്ട സമിതി യോഗം ചേരണമെന്ന്‌ കേരളം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെളളം തുറന്നുവിടുന്നത്‌ ജനഹിതത്തിന്‌ യോജിച്ച പ്രവൃത്തിയല്ല. തമിഴ്‌നാടിന്റെ ഈ നടപടി പ്രതീക്ഷിക്കാത്തതാണ്‌. റൂൾ കർവ്‌ പാലിക്കുകയെന്നത്‌ കോടതിയുടെ ഉത്തരവാണ്‌. എന്നാൽ റൂൾ കർവ്‌ പാലിക്കാൻ തമിഴ്‌നാടിന്‌ കഴിഞ്ഞില്ല. ഇത്‌ കോടതിയക്ഷ്യമാണ്‌. 142 അടിയിൽ കൂടുതൽ വരുന്ന വെളളം രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഒഴുക്കിവിടുന്നത്‌ നിയമപരമായി ചോദ്യം ചെയ്യും.ഇക്കാര്യങ്ങൾ ഡിസംബർ 10ന്‌ സുപ്രീം കോടതി കേസ്‌ പരിഗണിക്കുമ്പോൾ ഇത്‌ അറിയിക്കും. ഇത്‌ ബോധ്യപ്പെടുത്താൻ ആവശ്യമായ തെളിവുകൾ കേരളത്തിന്റെ പക്കലുണ്ടെന്നും മന്ത്രി പറഞ്ഞു.

ബുധനാഴ്‌ച രാത്രി തമിഴ്‌നാട്‌ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പ് നൽകാതെ തുറന്നതാണ് ജനവാസ മേഖലകളിൽ  വെള്ളം കയറാൻ ഇടയാക്കിയത്. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നു. എന്നാല്‍ വൈകീട്ട് മഴ കനത്തതോടെ നീരൊഴുക്ക് കൂടുകയും ചെയ്‌തു. ഈ ഘട്ടത്തിലാണ്‌ അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കിയത്. അണക്കെട്ടിൽ തുറന്നിരുന്ന ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചയോടെ 60 സെന്റീമീറ്റര്‍ വീതം രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു.

അണക്കെട്ടിന്റെ ഷട്ടറുകൾ ആദ്യം തുറക്കുമ്പോള്‍ മുന്നറിയിപ്പ് ലഭിച്ചില്ല. രണ്ടാമത് 2.30ന് തുറന്നതിന് ശേഷം 2.44ന് ആണ് മുന്നറിയിപ്പ് ലഭിക്കുന്നത്. 3.30ന് വീണ്ടും 10 വരെയുള്ള ഷട്ടറുകള്‍ തുറന്നു. ഇതിന്റെ വിവരം ലഭിക്കുന്നത് 4.27ന് ആണെന്നും മന്ത്രി പറഞ്ഞു. സെക്കൻഡിൽ 8000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്കൊഴുക്കിയത്. പിന്നീട് അത് 4206 ഘനയടിയായി കുറക്കുകയായിരുന്നു.

കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഇന്ന്‌ പ്രശ്‌നം ഉന്നയിക്കുന്നുണ്ട്‌. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലും പെടുത്തും. തീരപ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ വൈകുന്നേരങ്ങളിൽ അണക്കെട്ടിലെ ജലനിരപ്പിന്റെ അടിസ്ഥാനത്തിൽ രാത്രികാലങ്ങളിൽ തമിഴ്‌നാട്‌ തുറന്നു വിടാൻ സാധ്യതയുള്ള വെളളത്തിന്റെ അളവ്‌ കണക്ക്‌ കൂട്ടി നേരത്തെ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആർഡിഒ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. കൂടുതൽ മുൻകരുതൽ നടത്തണമെങ്കിൽ അതിനാവശ്യമായ നടപടികൾ സ്വകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ സുരക്ഷയാണ്‌ സർക്കാരിന്‌ പ്രധാനം. ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌. ഇത്‌ സംസ്ഥാനത്തിന്റെ പ്രശ്‌നമാണ്‌. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി പുതിയ ഡാം എന്ന ആവശ്യവുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.