മോഫിയയുടെ ആത്‌മഹത്യ; പ്രതികളെ വീണ്ടും റിമാൻഡ് ചെയ്‌തു

0
118

ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാപിതാക്കളായ യുസൂഫ്, റുക്കിയ എന്നിവരെ കോടതി വീണ്ടും റിമാൻഡ് ചെയ്‌തു. കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.

പ്രതികളെ കോതമംഗലത്തെ വീട്ടിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി എത്തിച്ചിരുന്നു. കോതമംഗലത്തെ വീട്ടിൽ ഗാർഹിക പീഡനം നടന്നതിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് ഇവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നവംബർ 23നാണ് ആലുവ എടയപ്പുറം സ്വദേശി ദിൽഷാദിന്റെ മകൾ മോഫിയ പർവീൺ തൂങ്ങി മരിച്ചത്. ആത്‍മഹത്യാ കുറിപ്പിൽ ഭർത്താവിനും ഇയാളുടെ മാതാപിതാക്കൾക്കും സിഐയ്‌ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയ ഉന്നയിച്ചിരുന്നത്.

ഗാർഹിക പീഡനം, ആത്‌മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ വാട്സാപ്പ് ചാറ്റുകളും ഫോട്ടോകളും പരിശോധിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. കോതമംഗലത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കണമെന്നും വിവാഹ ഫോട്ടോകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട ക്രൈംബ്രാഞ്ച് പ്രതികളുടെ കസ്‌റ്റഡി ആവശ്യമുണ്ടെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു.