മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല; ബിനോയ് വിശ്വം എംപി

0
89

രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നൽകിയതിനെതിരെ പ്രതിപക്ഷ എംപിമാര്‍. മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് എംപിമാര്‍ തള്ളി. “സസ്‌പെന്‍ഷന് പിന്നില്‍ രാഷ്‌ട്രീയ ഘടകങ്ങളുണ്ട്. വൈരാഗ്യ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഇന്ത്യയില്‍ നരേന്ദ്ര മോദി മാര്‍ഷല്‍ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടും”- ബിനോയ് വിശ്വം എംപി പറഞ്ഞു.

പ്രതിപക്ഷം വേണ്ട, ഞങ്ങള്‍ എല്ലാ കാര്യങ്ങളും ചെയ്യും എന്ന ഉയർത്തി പാര്‍ലമെന്റിനെ പരിഹസിക്കുകയാണ്. മാപ്പിന്റെ കാര്യം ചോദിക്കരുത്. മാപ്പ് ചോദിക്കാന്‍ ഞങ്ങള്‍ സവര്‍ക്കറല്ല. ആ പാരമ്പര്യം ഞങ്ങളുടേതല്ല എന്നും എംപി വ്യക്‌തമാക്കി. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ള 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നൽകിയത്. സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി നിലവിലുണ്ടാവുക. കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എംപിമാര്‍.