ക്വാറന്റൈന്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

0
83

തിരുവനന്തപുരം: റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസായതിനാല്‍ എല്ലാവരും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. വിമാനത്താവളങ്ങളില്‍ ഇവരെ സഹായിക്കാനായി ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പോസിറ്റീവായാല്‍ ഉടന്‍ തന്നെ ട്രെയ്‌സിംഗ് നടത്തി കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. വരുന്നവരില്‍ വാക്‌സിനെടുക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് ഹോം ക്വാറന്റൈന്‍?

· ഹോം ക്വാറന്റൈന്‍ എന്നു പറഞ്ഞാല്‍ റൂം ക്വാറന്റൈനാണ്. പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ടോയ്‌ലറ്റും ഉണ്ടായിരിക്കണം. അത് മറ്റാരും ഉപയോഗിക്കരുത്.
· ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികളുമായും മറ്റ് രോഗബാധയുള്ള വ്യക്തികളുമായും യാതൊരു വിധത്തിലും സമ്പര്‍ക്കം പുലര്‍ത്തരുത്.
· ആ വ്യക്തി ഉപയോഗിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.
· എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക
· 7 ദിവസത്തെ ക്വാറന്റൈന് ശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുക.

എന്താണ് സ്വയം നിരീക്ഷണം?

· വീടുകളിലും പുറത്ത് പോകുമ്പോഴും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ഉപയോഗിക്കേണ്ടതാണ്.
· എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതാണ്.
· കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.
· ഷേക്ക് ഹാന്‍ഡ് ഒഴിവാക്കുക.
· മുതിര്‍ന്നവരുമായും കുട്ടികളുമായും അനുബന്ധ രോഗമുള്ളവരുമായും ശ്രദ്ധയോടെ ഇടപെടുക.
· എപ്പോഴും സ്വയം നിരീക്ഷിക്കുക. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.