സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരന്റിങ് ക്ലിനിക്കുകളുടെ സേവനം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0
54

സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംയോജിത ശിശു വികസന പദ്ധതി (ഐസിപിഎസ്) വഴിയാണ് ഇത് നടപ്പാക്കുക. നിലവില്‍ പ്രവര്‍ത്തിക്കുന്ന പാരന്റിങ് ക്ലിനിക്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് പുറമെയാണ് പുതിയ ഔട്ട് റീച്ച് ക്യാമ്പുകള്‍ ആരംഭിക്കുക. ഡിസംബറില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഉച്ച‌യ്‌ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് അഞ്ചു വരെയാവും പ്രവര്‍ത്തന സമയമെന്നും മന്ത്രി വ്യക്തമാക്കി.

പഞ്ചായത്തിന്റെ സഹകരണത്തോടെ എല്ലാ ശനിയാഴ്ചകളിലുമാണ് ഔട്ട് റീച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. അനുയോജ്യമായ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു ശനിയാഴ്‌ച‌ ഒരു പഞ്ചായത്തില്‍ എന്ന രീതിയിലാകും ക്യാമ്പ്. ഇങ്ങനെ ഒരു ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു തവണ നടപ്പാക്കിക്കഴിഞ്ഞാല്‍ ആദ്യം ആരംഭിച്ച പഞ്ചായത്ത് മുതല്‍ ചാക്രിക രീതിയില്‍ ക്യാമ്പ് ആവര്‍ത്തിക്കും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, നുട്രീഷനിസ്റ്റ്, കരിയര്‍ ഗൈഡന്‍സ് സ്‌പെഷ്യലിസ്‌റ് എന്നിവരുടെ സേവനം പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ ക്യാമ്പില്‍ ഏര്‍പ്പെടുത്തും.

ഐസിഡിഎസ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ശിശു വികസന പ്രോഗ്രാം ഓഫീസര്‍മാര്‍ക്കാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള ചുമതല. അങ്കണവാടി പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ മുഖേന ക്യാമ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കും. ക്യാമ്പിനോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.

വനിത ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ലോക്കുകളിലും കോര്‍പ്പറേഷനുകളിലും 2021 ഫെബ്രുവരിയിലാണ് പാരന്റിങ്‌ ക്ലിനിക്കുകള്‍ ആരംഭിച്ചത്. കുട്ടികളിലെ അക്രമ വാസന, മാനസിക സംഘര്‍ഷങ്ങള്‍ മുതലായ പ്രശ്‌നങ്ങള്‍ക്ക് കാരണം ശരിയായ രക്ഷാകര്‍തൃത്വത്തിന്റെ അഭാവം ആണെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പാരന്റിങ് ക്യാമ്പുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഉത്തരവാദിത്ത പൂര്‍ണമായ രക്ഷാകര്‍തൃത്വം സംബന്ധിച്ച് മാതാപിതാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും പാരന്റിങില്‍ ശാസ്‌ത്രീയമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും വിദഗ്‌ദ സഹായം നല്‍കുക എന്നതാണ് ക്ലിനിക്കുകളിലൂടെ ലക്ഷ്യമിടുന്നത്.

നവംബര്‍ 30 വരെ 6233 രക്ഷകര്‍ത്താക്കള്‍ക്കും 5876 കുട്ടികള്‍ക്കും പാരന്റിങ്‌ ക്ലിനിക്കിലൂടെ സേവനം നല്‍കിയിട്ടുണ്ട്. പെരുമാറ്റ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട 2041 കേസുകള്‍, 1216 കുടുംബ പ്രശ്‌നങ്ങള്‍, 1951 വൈകാരിക പ്രശ്‌നങ്ങള്‍, 1097 പഠന വൈകല്യ പ്രശ്‌നങ്ങള്‍ മുതലായവ പാരന്റിങ്‌ ക്ലിനിക്കിലൂടെ സേവനം നല്‍കിയിട്ടുണ്ട്.