ഒമിക്രോൺ ജാഗൃതയോടെ കേരളം ; ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽഅവലോകന യോഗം ചേരും

0
67

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ (Omicron) ജാഗ്രത കടുപ്പിക്കാൻ സംസ്ഥാനം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തും. വൈകുന്നേരം മൂന്നരയ്ക്കാണ് യോഗം.

വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനം സ്വീകരിച്ച മുൻകരുതൽ യോഗം വിശദമായി പരിശോധിക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ പരിശോധനയും നിരീക്ഷണവും കർശനമാക്കാനാണ് തീരുമാനം.ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റൈനിലും കഴിയണം. ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റിയാകും നിരീക്ഷണം ഏർപ്പെടുത്തുക.

വിദഗ്ദരുമായി ചർച്ച നടത്തി വിദഗ്ദസമിതി മുന്നോട്ടുവെയ്ക്കുന്ന നിർദ്ദേശങ്ങളും നിലവിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോ​ഗത്തിൽ വിലയിരുത്തും. തിയേറ്ററുകളിൽ കൂടുതൽ പേരെ അനുവദിക്കുന്നതടക്കം ഇളവുകളും ഇന്ന് ചർച്ചയാകും. തിയേറ്ററിൽ പ്രവേശിപ്പിക്കാവുന്നവരുട എണ്ണം 50 ശതമാനത്തിൽ നിന്ന് കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ അവലോകന യോഗം ചർച്ച ചെയ്തെങ്കിലും അംഗീകരിച്ചിരുന്നില്ല. ക്രിസ്തുമസ്, ന്യൂ ഇയർ പശ്ചാത്തലത്തിൽ മരക്കാർ അടക്കം വരാനിരിക്കുന്ന ചിത്രങ്ങൾ തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കണമെന്ന സിനിമ സംഘടനകളുടെ ആവശ്യം യോഗം പരിഗണിക്കും.

ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് വാക്‌സിനെടുക്കാൻ വിമുഖത കാണിക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ അവലോകന യോഗം പരിശോധിക്കും. സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെ ആക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിലും തീരുമാനമുണ്ടായേക്കും. ഒമിക്രോണിനെതിരെ ഭയം വേണ്ട, ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കാണവേ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.