സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണം; ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

0
75

സഹകരണ ബാങ്കുകളിലെ ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും നടക്കുന്നുണ്ടെന്നും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് വിദ്യാനിധി നിക്ഷേപ പദ്ധതി ലോഞ്ചിംഗ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘കേരളത്തിലെ സഹകരണ ബാങ്കുകളാണ് ബാങ്കിംഗ് സാക്ഷരതയുണ്ടാക്കിയത് എന്നോര്‍മ വേണം. സംസ്ഥാനത്ത് ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. സഹകരണ ബാങ്കുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളിലേക്ക് ബാങ്കിംഗ് സാക്ഷരത എത്തിയത്. അതില്‍ കണ്ണുകടിയുള്ളവരുമുണ്ട്. ഈ എതിര്‍പ്പുകളെല്ലാം കേരളത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇത് പക്ഷേ നടപ്പാക്കുന്ന മറ്റ് പല ലക്ഷ്യങ്ങളുംകൊണ്ടാണ്. കേരള ബാങ്കിനെതിരെ ഇത്തരം നീക്കങ്ങള്‍ നടക്കുമ്പോള്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ പട്ടികയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളെയും പൂര്‍ണമായും കാര്യക്ഷമതയിലേക്കുയര്‍ത്തുകയാണ് വേണ്ടത്’. മുഖ്യമന്ത്രി പ്രതികരിച്ചു.

അതിനിടെ ആര്‍ബിഐ നിര്‍ദേശത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. സഹകരണ ബാങ്ക് നിക്ഷേപം റിസര്‍വ് ബാങ്ക് സുരക്ഷാ പദ്ധതിയില്‍പ്പെടില്ലെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ബാധകമായിരിക്കില്ലെന്ന ആര്‍ബിഐ പരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 2020 സെപ്റ്റംബറിലെ ബാങ്കിംഗ് നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണസംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ എത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്കിന്റെ പുതിയ പരസ്യത്തില്‍ പറയുന്നു.