കാസർഗോഡ്-കർണാടക അതിർത്തികളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം

0
68

കൊറോണ വൈറസിന്റെ പുതിയ വകഭേദം വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കാസർഗോഡ്-കർണാടക അതിർത്തികളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം. മുഴുവൻ യാത്രക്കാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നാണ് കർണാടക സർക്കാരിന്റെ നിർദ്ദേശം. ആശുപത്രി ആവശ്യങ്ങൾക്ക് മംഗളൂരുവിലേക്ക് പോകുന്നവർക്കും വിദ്യാർഥികൾക്കും ഇളവ് അനുവദിക്കും. ഇന്ന് രാവിലെ മുതലാണ് നിയന്ത്രണങ്ങൾ തുടരുക.

കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി കാസർഗോഡ്- കർണാടക അതിർത്തികളിൽ പരിശോധന കർശനമായിരുന്നില്ല. എന്നാൽ, വൈറസിന്റെ പുതിയ വകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പിൻവലിച്ചിരുന്ന നിയന്ത്രണങ്ങളെല്ലാം വീണ്ടും കർശനമാക്കിയിരിക്കുകയാണ്. ദൈനംദിന ആവശ്യങ്ങൾക്ക് പോകുന്നവർക്കായിരിക്കും നിയന്ത്രണങ്ങൾ കൂടുതൽ ബുദ്ധിമുട്ടാവുക. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി തലപ്പാടി അതിർത്തിയിൽ ഇന്നലെ രാവിലെ തന്നെ ബാരക്കുകളും മറ്റും പുനഃസ്‌ഥാപിച്ചിരുന്നു.

നേരത്തെ തലപ്പാടിയിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ രണ്ട് മാസം മുമ്പാണ് പിൻവലിച്ചത്. ഇവിടെ നിന്നും പിൻവലിച്ചിരുന്ന പോലീസ് പോസ്‌റ്റും ഇപ്പോൾ പുനഃസ്‌ഥാപിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്‌ഥരെ ഇന്ന് മുതൽ തലപ്പാടിയിൽ നിയമിച്ചുള്ള ഉത്തരവും ഇറക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ഇന്ന് മുതൽ അതിർത്തി വഴി കടത്തിവിടുകയുള്ളു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെ ഇനിമുതൽ പരിഗണിക്കില്ല. എന്നാൽ, ഇത് പുതിയ തീരുമാനമല്ലെന്നും നേരത്തെയുള്ള ഉത്തരവ് തന്നെയാണ് ഇപ്പോഴും നടപ്പിലാക്കുന്നതെന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.