സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകുന്നേരം വിതരണം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം 6 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡ് വിതരണം ചെയ്യുന്നത്. 48 പേരാണ് ഇത്തവണത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾക്ക് അർഹരായത്.
വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജയസൂര്യ മികച്ച നടനായും, കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അന്ന ബെൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. ഒപ്പം തന്നെ ഡിസംബര്‍ 9 മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ പോസ്‌റ്റര്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്യുകയും ചെയ്യും.
ശശി തരൂര്‍ എംപി, അഡ്വ. വികെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജൂറി ചെയര്‍പേഴ്‌സണ്‍ സുഹാസിനി, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ പികെ രാജശേഖരന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി സി അജോയ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവര്‍ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കും.