ഒമിക്രോണ്‍: കേരളത്തിലും ജാഗ്രത; കര്‍ശന പ്രോട്ടോക്കോളുകള്‍ തുടരും

0
78

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും വാക്‌സിനെടുക്കാത്തവര്‍ വാക്‌സിന്‍ എടുക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

കേന്ദ്ര നിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സംസ്ഥാനത്ത് എത്തിയ ഉടന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം.

ഇവര്‍ ഏഴ് ദിവസം ക്വാറന്റീനില്‍ ഇരിക്കണം. അതിനുശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് ജനിതക വകഭേദം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.