ഒടുവിൽ കീഴടങ്ങൽ: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു, ബിൽ പാസ്സാക്കി ഇരുസഭകളും

0
172

കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ബില്‍ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിൽ അവതരിപ്പിച്ചു. ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ ഏകപക്ഷീയമായി പാസാക്കുകയായിരുന്നു.

എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുന്നതിന് ഇപ്പോഴത്തെ ആവശ്യം ബില്‍ പിന്‍വലിക്കുകയാണ്. നാമമാത്ര, ചെറുകിടക്കാര്‍ അടക്കം കര്‍ഷകരുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് നേരത്തെ മൂന്നു നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് പിന്‍വലിക്കല്‍ ബില്ലില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നു.ഉയര്‍ന്ന വിലക്ക് വിളകള്‍ വില്‍ക്കുന്നതിന് കര്‍ഷകരെ സഹായിക്കാനും സാങ്കേതികവിദ്യയുടെ നേട്ടം ലഭ്യമാക്കാനും കാര്‍ഷിക ചന്തകളുമായി കൂടുതല്‍ അടുപ്പിക്കാനും, അതുവഴി ഉയര്‍ന്ന വരുമാനം ലഭ്യമാക്കാനുമാണ് ശ്രമിച്ചതെന്നും ബില്ലില്‍ പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ വീഴ്‌ച തുറന്നുകാട്ടാന്‍ ബില്ലിന്‍മേല്‍ ചര്‍ച്ച അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുമതി ലഭിച്ചില്ല. അതേസമയം നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും മിനിമം താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പു കിട്ടാതെ പിൻമാറ്റമില്ലെന്ന് വ്യക്‌തമാക്കി കര്‍ഷക സംഘടനകള്‍ സമരരംഗത്തു തന്നെ തുടരുകയാണ്.