ത്രിപുര തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു

0
84

ത്രിപുരയിൽ നഗരസഭകളിലേക്കും അഗർത്തല മുനിസിപ്പൽ കോർപറേഷനിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 2018ൽ ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. സംസ്‌ഥാന ഭരണകക്ഷിയായ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ കടുത്ത രാഷ്‌ട്രീയ പോരാട്ടം നടക്കുന്നതിനിടെ ആയിരുന്നു വോട്ടെടുപ്പ്.

334 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ അഗർത്തല മുനിസിപ്പൽ കോർപറേഷനിലെ 51 വാർഡുകളും 13 മുനിസിപ്പൽ കൗൺസിലുകളും 6 നഗര പഞ്ചായത്തുകളും ഉൾപ്പെടും. പ്രതിപക്ഷ സാന്നിധ്യം ഇല്ലാത്തതിനാൽ 112 സീറ്റുകളിലേക്ക് ബിജെപി നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

222 സീറ്റുകളിലേക്കാണ് നിലവിൽ മൽസരം നടക്കുന്നത്. ഈ സീറ്റുകളിലേക്ക് 785 പേർ ജനവിധി തേടി. ബിജെപി, തൃണമൂൽ കോൺഗ്രസ്, സിപിഐ എം എന്നീ പാർട്ടികളാണ് മൽസര രംഗത്ത് ഉള്ളത്. എട്ട് ജില്ലകളിലെ 13 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിൽ 19 വാർഡുകളിൽ വിജയിച്ച ബിജെപി ബാക്കി 32ലും ലീഡ് ചെയ്യുകയാണ്.