മോഡലുകളുടെ മരണം: രണ്ടാം പ്രതി സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പൊലീസ്

0
62

കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയും ഓഡി കാർ ഡ്രൈവറുമായ സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പൊലീസ്. സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കോടതിക്ക് കൈമാറി.

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സൈജു പോയത് ഡിജെ പാർട്ടിയിൽ പങ്കെടുക്കാനാണെന്ന് പൊലീസ് പറയുന്നു. ബംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ഡിജെ പാർട്ടികളിൽ പങ്കെടുത്തത്. നമ്പർ 18 ഹോട്ടലിൽ സൈജു സ്ഥിരമായി പ്രൈവറ്റ് ഡിജെ പാർട്ടി നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. പൊലീസ്, ഹോട്ടൽ ഉടമ റോയിയെയും സൈജുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

സൈജു തങ്കച്ചനെ നിലവിൽ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. സൈജു മോഡലുകളെ പിൻതുടർന്ന ഔഡി കാർ കണ്ടെടുക്കേണ്ടത് ഉൾപ്പെടെയുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.

കഴിഞ്ഞ ദിവസമാണ് മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൈജുവിനെ അറസ്റ്റ് ചെയ്തത്. രണ്ട് അഭിഭാഷകർക്കൊപ്പം കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തി സൈജു ഹാജരാവുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സൈജുവിനെതിരായ മറ്റൊരു പരാതിയിൽ പൊലീസ് വഞ്ചന കേസും രജിസ്റ്റർ ചെയ്തിരുന്നു.

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു.