മമ്പറം ദിവാകരനെ പിന്തുണച്ച കെ.കെ പ്രസാദിനും സസ്‌പെന്‍ഷന്‍

0
58

മമ്പറം ദിവാകരനെ പിന്തുണക്കുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനും സസ്‌പെന്‍ഷന്‍. മമ്പറം മണ്ഡലം പ്രസിഡന്റ് കെ കെ പ്രസാദിന് എതിരെയാണ് നടപടി. ചുമതലയില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു. പകരം ഡിസിസി ജനറല്‍ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താത്ക്കാലിക ചുമതല നല്‍കി.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിനാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.