കർഷക സമരത്തിന് ഇന്ന് ഒരു വയസ്

0
69

ചരിത്രത്തിലെ സമാനതകളില്ലാത്ത ജനാധിപത്യമുന്നേറ്റത്തിന്‌ വെള്ളിയാഴ്‌ച ഒരുവർഷം തികയുന്നു. കഴിഞ്ഞ നവംബർ 26ന്‌ രാജ്യത്തെ 25 കോടി തൊഴിലാളികൾ പണിമുടക്കിയ ദിവസമാണ് കർഷകരും കർഷകത്തൊഴിലാളികളും ‘ഡൽഹി ചലോ മാർച്ച്’ ആരംഭിച്ചത്.കർഷകസമരത്തിന്റെ ഒന്നാംവാർഷികമായ ഇന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുയാണ് കർഷക സംഘടനകൾ.

സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെ എത്തിച്ചാകും പ്രതിഷേധം. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ അതിർത്തികളിലേയ്‌ക്കെത്തും. ഒന്നാം വാർഷികം കണക്കിലെടുത്ത് വൻസുരക്ഷയാണ് ഗാസിപൂരിലും സിംഗുവിലുമടക്കം ഒരുക്കിയിരിക്കുന്നത്.

വിവാദ കാർഷികനിയമങ്ങൾ പിൻവലിച്ചെങ്കിലും മിനിമം താങ്ങുവില ഉൾപ്പെടെ ആറ് ആവശ്യങ്ങളിൽ തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. കൃഷി ചെലവിൻറെ ഒന്നര ഇരട്ടി വരുമാനം കർഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥൻ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കർഷകർ ആവശ്യപ്പെടുന്നു. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ ട്രാക്ടർ റാലികൾ നടക്കും. വിദേശങ്ങളിലും ഐക്യദാർഢ്യപരിപാടികൾ നടക്കും.