ആലുവ സി.ഐയെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ സന്തോഷമുണ്ടെന്ന് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ പിതാവ് ദില്‍ഷാദ്. മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ സംസാരിച്ചപ്പോള്‍ തന്നെ വലിയ ആശ്വാസമായിരുന്നു. അദ്ദേഹം നടപടി ഉറപ്പ് നല്‍കിയിരുന്നു. അത് നടപ്പായി.
സി.ഐക്ക് എതിരെ നടപടി എടുത്തു, ഇനി അദ്ദേഹത്തിന് എതിരെ നരഹത്യയ്ക്ക് കേസെടുക്കണം, മറ്റ് വിഷയങ്ങളില്‍ അന്വേഷണം നടത്തണമെന്നും ദില്‍ഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസം ഉണ്ടായിരുന്നു. സര്‍ക്കാരുണ്ട് ഒപ്പം, സര്‍ക്കാരിന് എതിരെ പോവേണ്ടതില്ലെന്നും ദില്‍ഷാദ് പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ കുടുംബവുമായി ബന്ധപ്പെട്ടതിന് പിന്നാലെ ആയിരുന്നു സി.ഐയെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡി.ജി.പിയാണ് സുധീറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്. സുധീറിനെതിരെയുള്ള അന്വേഷണ ചുമതല കൊച്ചി ഈസ്റ്റ് ട്രാഫിക് അസി.കമ്മീഷണര്‍ക്കാണ്. ചുമതലയൊഴിഞ്ഞ് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സി.എല്‍ സുധീറിനോട് ആവശ്യപ്പെട്ടിരുന്നു.
മോഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും സുധീര്‍ അധിക്ഷേപിച്ചു എന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കുപുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.
സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.