കുറ്റക്കാർക്ക് എതിരെ നടപടി എടുക്കും; മോഫിയയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
80

ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകി. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്.

സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്നും മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവും വ്യക്‌തമാക്കി. സർക്കാർ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി ഉണ്ടാകുമെന്നും ആണ് മന്ത്രിയുടെ ഉറപ്പ്. സിഐയുടെ സ്‌ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് വിശദീകരണം.

ഇതിനിടെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവീൻ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭർതൃ വീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ ഇയാളുടെ മാതാവ് റുഖിയയും മോഫിയയെ ഉപദ്രവിച്ചെന്ന് റിമാൻഡ് റിപ്പോർട് വ്യക്‌തമാക്കുന്നു. അതേസമയം പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും.