ത്രിപുര സംഘര്‍ഷം: സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം, സിപിഐ എം സുപ്രീംകോടതിയില്‍

0
88

ബി.ജെ.പിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ത്രിപുര സി.പി.ഐ.എം. തങ്ങളുടെ പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 13 മുന്‍സിപ്പാലിറ്റികളിലേക്കുള്ള 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 500 ലധികം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന തൃണമൂൽ കോണ്‍ഗ്രസ് ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു.

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അടുത്തിട്ടും ഭരണകക്ഷിയുടെ നേതൃത്വത്തില്‍ അക്രമം തുടരുകയാണെന്നും ക്രമസമാധാന നില സാധാരണ നിലയിലായിട്ടില്ലെന്നുമായിരുന്നു പരാതിക്കാരായ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വാദം. കോടതി നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും തൃണമൂല്‍ അറിയിച്ചിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയെന്നത് ഒരു സാധാരണ തീരുമാനമല്ലെന്നായിരുന്നു കോടതിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് മാറ്റിവെക്കുക എന്നത് ഏറ്റവും ഒടുവിലത്തെ മാര്‍ഗമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ ത്രിപുര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് കമ്പനി കേന്ദ്ര സേനയെ കൂടി സുരക്ഷക്കായി ത്രിപുരയില്‍ വിന്യസിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.