കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ വാക്ക് തര്‍ക്കവും കയ്യാങ്കളിയും. ചെറുവത്തൂര്‍ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് അഴിമതി ആരോപണത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
കാടങ്കോടെ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ നിര്‍മാണത്തില്‍ മുന്‍ മണ്ഡലം ഭാരവാഹിയും നീലേശ്വരം ബ്ലോക്ക് കമ്മിറ്റി വൈസ്പ്രസിഡന്റുമായ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ അഴിമതി നടത്തിയെന്ന് ഒരുവിഭാഗം യോഗത്തില്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് യോഗത്തില്‍ കുഴപ്പം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ മകന്റെ സഹകരണ ബേങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് നല്‍കാനുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ ബില്‍ഡിങ്ങ് നിര്‍മാണ ഫണ്ടിലേക്ക് നല്‍കിയെന്ന കണ്‍വീനറുടെ വാദം ഒരുവിഭാഗം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു.
ചോദ്യങ്ങള്‍ക്ക് യോഗത്തില്‍ വിലക്കേര്‍പ്പെടുത്തിയതോടെ രോഷാകുലരായ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. തുടര്‍ന്ന് യോഗം ബഹിഷ്‌കരിച്ച പ്രവര്‍ത്തകള്‍ നേതാക്കളെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. പിന്നീട് പൂട്ട് പൊളിച്ചാണ് നേതാക്കള്‍ പുറത്തിറങ്ങിയത്.