അമരത്വം നേടാന്‍ സിദ്ധനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; ഭാര്യ പിടിയില്‍

0
72

അമരത്വം നേടാന്‍ ജീവനോടെ കുഴിച്ചുമൂടിയ സിദ്ധന്‍ മരിച്ച സംഭവത്തില്‍ ഭാര്യ പിടിയില്‍. ചെന്നൈ പെരുമ്പാക്കം കലൈഞ്ജര്‍ കരുണാനിധി നഗര്‍ സ്വദേശി നാഗരാജാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയാണ് കൃത്യം നടത്തിയത്. ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ലക്ഷ്മി ഇയാളെ കുഴിച്ചുമൂടിയതെന്ന് പൊലീസ് പറഞ്ഞു. നെഞ്ച് വേദന അനുഭവപ്പെട്ടതോടെ താന്‍ മരിക്കാന്‍ പോവുകയാണെന്നും അമരത്വം നേടാന്‍ ജീവനോടെ കുഴിച്ചുമൂടണമെന്നും ഇയാള്‍ ഭാര്യയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ഇയാള്‍ ഭാര്യയ്ക്ക് നല്‍കി. ഇതേതുടര്‍ന്നാണ് ജലസംഭരണി നിര്‍മ്മിക്കാനെന്ന പേരില്‍ രണ്ട് തൊഴിലാളികളെ കൊണ്ട് കുഴിയെടുത്തത്. അബോധാവസ്ഥയിലായ നാഗരാജിനെ ലക്ഷ്മി കുഴിയില്‍ കുഴിച്ചിടുകയായിരുന്നു. ചെന്നൈയില്‍ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മകള്‍ തിരിച്ചെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

അച്ഛനെ കാണാതായതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ലക്ഷ്മി ഒഴിഞ്ഞുമാറിയതില്‍ സംശയം തോന്നിയ മകള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സത്യം പുറത്തുവന്നത്. നിലവില്‍ ലക്ഷ്മി പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷമേ തുടര്‍നടപടികള്‍ കൈക്കൊള്ളു.