ആലുവയിൽ സ്ത്രീധന പീഡന പരാതി ഉന്നയിച്ച നവവധു തൂങ്ങി മരിച്ച നിലയിൽ

0
84

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍(21) ആണ് തൂങ്ങി മരിച്ചത്. ഭർതൃവീട്ടുകാർക്കെതിരെ ഗാർഹീക പീഡനത്തിന്‌ പൊലീസിൽ കഴിഞ്ഞ ദിവസം മോഫിയ പരാതി നൽകിയിരുന്നു. സ്ത്രീധന പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്.

ഭർതൃവീട്ടുകാർക്കും സി ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

വിവാഹ ശേഷം 40 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി മോഫിയ പര്‍വിന്റെ പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചു.

തൊടുപുഴയിലെ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർഥിനിയാണ്‌ മോഫിയ.മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയി മോർച്ചറിയിലേക്ക്‌ മാറ്റി. അതേ സമയം സംഭവം ആലുവ ഡിവൈഎസ്‌പി അന്വേഷിക്കുമെന്ന്‌ എസ്‌ പി കെ കാർത്തിക്‌ അറിയിച്ചു. പൊലീസിന്‌ വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടൻ നടപടിയെടുക്കുമെന്നും എസ്‌ പി അറിയിച്ചു.