ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം : നേരിട്ട് കൃത്യത്തിൽ ഏർപ്പെട്ടയാൾ പിടിയിൽ

0
76

പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിലായെന്ന് പൊലീസ്. പോപ്പുലർ ഫ്രണ്ട്‌ ഭാരവാഹിയാണ് അറസ്റ്റിലായതെന്നും പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്നും എസ് പി ആർ വിശ്വനാഥ് അറിയിച്ചു.

ഇയാൾ നേരിട്ട് കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് എസ് പി ആർ വിശ്വനാഥ് പറഞ്ഞു. വെട്ടിക്കൊലപ്പെടുത്താൻ കാറിൽ ഇയാളും ഉണ്ടായിരുന്നു. പ്രതിയെ ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് കൂടുതൽ വിവരം പുറത്ത് വിടാത്തതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി SDPI പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.