പ്രധാനമന്ത്രിയെ കാണും; ബിഎസ്എഫ് അധികാരപരിധിയും ത്രിപുര അക്രമവും ചർച്ച ചെയ്യും: മമത ബാനർജി

0
165

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡൽഹി സന്ദർശന വേളയിൽ പ്രധാനമന്ത്രിയെ കണ്ട് ബിഎസ്എഫ് അധികാരപരിധി വർധിപ്പിക്കുന്നതിനൊപ്പം ത്രിപുരയിലെ “വ്യാപകമായ അക്രമങ്ങൾ” സംബന്ധിച്ച പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും മമത പറഞ്ഞു.

“എന്റെ ഡൽഹി സന്ദർശന വേളയിൽ ഞാൻ പ്രധാനമന്ത്രിയെ കാണും. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾക്ക് പുറമെ, ബിഎസ്എഫ് അധികാരപരിധി വർധിപ്പിക്കുന്നതിനൊപ്പം ത്രിപുര അക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിക്കും,” ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി ഇനിയും മര്യാദ കാണിച്ചിട്ടില്ല. സമരം നടത്തുന്ന ടി.എം.സി എംപിമാരെ അമിത്ഷാ കാണണമെന്നും അവർ ആവശ്യപ്പെട്ടു. ത്രിപുരയിൽ പാർട്ടി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ടി.എം.സി എംപിമാർ നടത്തുന്ന ധർണയിൽ പങ്കെടുക്കില്ലെന്നും എന്നാൽ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മമത വ്യകത്മാക്കി.

അതേസമയം വടക്കുകിഴക്കൻ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ അക്രമസംഭവങ്ങൾ മനുഷ്യാവകാശ കമ്മീഷൻ എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ലെന്ന് മമത ചോദിച്ചു. ത്രിപുര മുഖ്യമന്ത്രിയും (ബിപ്ലബ് ദേബ്) സർക്കാരും സുപ്രീംകോടതി നിർദ്ദേശം ലംഘിക്കുന്നു. സർക്കാർ സാധാരണക്കാരോട് മറുപടി പറയേണ്ടി വരുമെന്നും മമത കൂട്ടിച്ചേർത്തു.