ഇനി വീട്ടിലിരുന്നും ഒ പി ടിക്കറ്റ് എടുക്കാം

0
127

വീട്ടിലിരുന്നും ആരോഗ്യ മേഖലയിൽ ഇ ഗവേണൻസ് സേവനങ്ങൾ നൽകുന്നതിനായി ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഇ ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുൻകൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും. ഇ ഹെൽത്ത് സൗകര്യമുള്ള 300ൽ പരം ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവയുടെ ഓൺലൈൻ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരും.

ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയൽ നമ്പരും (Unique Health ID) ഈ വെബ്‌പോർട്ടൽ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായ സേവനങ്ങൾ, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും പോർട്ടൽ വഴി അറിയാൻ സാധിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലെയുള്ള റെഫറൽ ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കുവാൻ റെഫറൻസ് ആവശ്യമാണ്.

എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും.

എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്‌മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും.

കേരള സർക്കാർ ആവിഷ്‌കരിച്ച ഇ ഹെൽത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങൾ നൽകുന്നതിൽ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാൻ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള അമ്പതിനായിരത്തോളം വരുന്ന ഡോക്ടർമാർ, പാരാമെഡിക്കൽ, നോൺ ക്ലിനിക്കൽ സ്റ്റാഫുകൾ എന്നിവർക്കും ഈ സംവിധാനം സഹായകരമാകും.

സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.