എൻസിബി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവുശേഖരവും മാരക മയക്കുമരുന്നും പിടിച്ചെടുത്തു

0
80

നാർകോട്ടിക്‌ കൺട്രോൾ ബ്യൂറോ (എൻസിബി) ഒമ്പതു ദിവസമായി വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവുശേഖരവും മാരക മയക്കുമരുന്നും പിടിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തിയ മൂന്ന്‌ റെയ്‌ഡുകളിലായി 212.5 കിലോ കഞ്ചാവ്‌, 244 ഗ്രാം ആംഫിറ്റെമിൻ, 25 എൽഎസ്‌ഡി സ്‌റ്റാമ്പ്‌, രണ്ട്‌ ഗ്രാം മെത്തക്വലോൺ എന്നിയാണ്‌ പിടിച്ചെടുത്തത്‌. രണ്ട്‌ മലയാളികളുൾപ്പെടെ ആറുപേരെ പിടികൂടി. രണ്ട്‌ വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു.

ബംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള കൊറിയറിലെത്തിച്ച മയക്കുമരുന്നും എൽഎസ്‌ഡിയും കണ്ടെടുത്തത്‌ എൻസിബി കൊച്ചി യൂണിറ്റാണ്‌. സമ്മാനപ്പെട്ടിക്കുള്ളിൽ ച്യൂയിങ്‌ഗം, ചോക്‌ലേറ്റ്‌ മിഠായി എന്നിവയ്‌ക്കൊപ്പമാണ്‌ മയക്കുമരുന്ന്‌ ഒളിപ്പിച്ചിരുന്നത്‌. കൊറിയർ മേൽവിലാസക്കാരനായ തിരുവനന്തപുരം സ്വദേശിയെ അറസ്‌റ്റ്‌ ചെയ്‌തു.

വെല്ലൂർ കൃഷ്‌ണഗിരി റോഡിൽ പള്ളിക്കോണ്ട ടോൾ പ്ലാസയിൽനിന്ന്‌ 212.5 കിലോ കഞ്ചാവും വാഹനവും പിടിച്ചെടുത്തത്‌ എൻസിബി ചെന്നൈ യൂണിറ്റാണ്‌. ഈറോഡ്‌ സ്വദേശികളായ നാലുപേരെ ഈ കേസിൽ അറസ്‌റ്റ്‌ ചെയ്‌തു. വാഹനത്തിൽ കടത്തിയ തെങ്ങിൻതൈകൾക്കിടയിൽ ചാക്കുകളിലായാണ്‌ കഞ്ചാവ്‌ സൂക്ഷിച്ചിരുന്നത്‌. ആന്ധ്രാപ്രദേശിൽനിന്ന്‌ എത്തിച്ചതാണ്‌ കഞ്ചാവ്‌. അകമ്പടിയായിപ്പോയ വാഹനവും പിടികൂടി.

കേരളത്തിലേക്ക്‌ അയക്കാൻ കൊറിയറിലെത്തിച്ച 40 ഗ്രാം മെത്ത ആംഫിറ്റെമിൻ എന്ന മയക്കുമരുന്ന്‌ എൻസിബി ബംഗളൂരു യൂണിറ്റ്‌ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശി പിടിയിലായി. പിടിച്ചെടുത്ത കഞ്ചാവിനും മയക്കുമരുന്നിനും ലക്ഷങ്ങൾ വിലവരും. രാസലഹരി മരുന്നുകളായ മെത്ത ആംഫിറ്റെമിനും ആംഫിറ്റെമിനും ലഹരിപാർടികളിൽ ഉപയോഗിക്കാറുണ്ട്‌. ഇവയുടെ തുടർച്ചയായ ഉപയോഗം ഹൃദ്‌രോഗങ്ങൾക്കും മറവി, മാനസിക വിഭ്രാന്തി എന്നിവയുണ്ടാക്കും.