മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കായലിൽ പോലീസ് പരിശോധന

0
87

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ തെരച്ചിൽ തുടങ്ങി. സ്‌കൂബ ടീമിനെ ഉപയോഗിച്ചാണ് തെരച്ചിൽ. കണ്ണങ്കാട്ട് കായലിലാണ് പരിശോധന.

ഹാർഡ്‌ ഡിസ്‌ക്‌ കായലിൽ ഉപേക്ഷിച്ചതായി ഹോട്ടൽ ഉടമ റോയി വയലാട്ട്‌ അടക്കമുള്ള പ്രതികൾ മൊഴി നൽകിയിരുന്നു. റോയി ഒഴികെയുള്ള പ്രതികളെ സ്ഥലത്ത് എത്തിച്ചു. ഇവർ ചൂണ്ടിക്കാണിച്ചു നൽകിയ കായലിന്റെ മധ്യഭാഗത്തായാണ് പരിശോധന. രണ്ടാംപ്രതി റോയിയുടെ വീടിനോട്‌ ചേർന്നാണ് ഈ കായൽ.

അപകടത്തിന് തൊട്ടുമുമ്പ് ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങളാണ് ഹാർഡ് ഡിസ്‌കിൽ ഉള്ളത്. കാര്‍ അപകടത്തിൽപ്പെട്ട അന്നുതന്നെ പ്രതികൾ ഇവിടെ വന്ന് ഹാർഡ് ഡിസ്‌ക് ഉപേക്ഷിച്ചു. ഡിജെ പാർട്ടിക്കിടെ അസ്വാഭാവിക സംഭവങ്ങൾ നടന്നിട്ടുണ്ടാകാം എന്നും അത് മറയ്ക്കാനാകാം ഹാർഡ് ഡിസ്‌ക് ഉപേക്ഷിച്ചതെന്നുമാണ് പൊലീസിന്‍റെ നിഗമനം.