സൗജന്യ ഭക്ഷ്യക്കിറ്റ് നിർത്തലാക്കുമെന്ന് പറഞ്ഞിട്ടില്ല; വേണ്ടി വന്നാൽ കിറ്റ് വിതരണം ഇനിയും നടത്തുമെന്ന് ഭക്ഷ്യമന്ത്രി

0
95

കിറ്റ് വിതരണം എന്നന്നേക്കുമായി നിർത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കൊവിഡ് ഭീതി ഒഴിഞ്ഞതിനാലാണ് സൗജന്യ ഭക്ഷ്യകിറ്റ് ഒഴിവാക്കിയത്. ദുരിത കാലങ്ങളിൽ ഇനിയും കിറ്റുകൾ നൽകും. കൊവിഡ് കാലത്ത്​ ജനങ്ങൾക്ക് ജോലിപോലും ഇല്ലാതായ​പ്പോഴാണ് കിറ്റ് നൽകിയത്. ഇപ്പോൾ സാഹചര്യം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുത്ത റേഷൻ കടകളിൽ മറ്റു ഭക്ഷ്യ വസ്‌തുക്കളും നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുക ആണെന്നും മന്ത്രി അറിയിച്ചു. കോവിഡ് കാലത്തെ സ്‌തംഭനാവസ്‌ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, ഇനി കിറ്റ് നൽകില്ലെന്നുമായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്.

നിലവിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്, ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. സാധ്യമായ എല്ലാ വിപണി ഇടപെടലുകളും സർക്കാ‌ർ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു.