മുന്നാക്ക സംവരണം കൊണ്ടുവന്നത് നിലവിലെ സംവരണം അട്ടിമറിക്കാനല്ല; അനാവശ്യ ഭീതി പരത്തുന്നുവെന്ന് മുഖ്യമന്ത്രി

0
66

മുന്നാക്ക സംവരണം കൊണ്ടുവന്നത് നിലവിലെ സംവരണം അട്ടിമറിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംവരണേതര വിഭാഗത്തിൽ ഒരു വിഭാഗം ദരിദ്രരാണെന്നാണ് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. ചിലർ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിവരശേഖരണത്തിനായുള്ള സാമ്പത്തിക സർവ്വേ നടപടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോൾ എല്ലാവർക്കും ജീവിത യോഗ്യമായ സാഹചര്യം ഉണ്ടാക്കുകയാണ് പ്രധാനമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിലവിൽ അതില്ല, അതിന് കാരണം വ്യവസ്ഥിതിയാണ് ഇത്തരം അവസ്ഥയ്ക്ക് അറുതി വരുത്താൻ യോജിച്ച പോരാട്ടം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിലെ സംവരണം അട്ടിമറിക്കാൻ ഉദ്ദേശം ഇല്ല, ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ കിട്ടുന്നത് കാരണമാണ് തങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടാത്തതെന്ന് ചിലർ വാദിക്കുന്നു. ഇത് ശരിയായ പ്രവണതയല്ല. സംവരേണതര വിഭാഗത്തിൽ ഒരുകൂട്ടംപേർ പരമദരിദ്രരാണ്. ഒരു സംവരണവും അവർക്ക് ലഭിക്കില്ല. ഇതാണ് 10 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്ത് 50% സംവരണം പട്ടികജാതി–പട്ടിക വർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും കൂടി നിലനിൽക്കുന്നുണ്ട്. ബാക്കിവരുന്ന പൊതുവിഭാഗത്തിലെ 50% ൽ 10%ന് പ്രത്യേക പരിഗണന നൽകുന്നതാണ് ഇപ്പോൾ വരിക. സംവരേണതര വിഭാഗത്തിൽ ഏറ്റവും ദാരിദ്ര്യം അനുവഭവിക്കുന്നവർക്കാണ് ഈ സംവരണ ആനുകൂല്യമെന്നും ഈ സംവരണം ഏതെങ്കിലും സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.