നോര്‍ക്ക റൂട്ട്‌സിന്റെ റസിഡന്റ് വൈസ് ചെയര്‍മാനായി പി.ശ്രീരാമകൃഷ്ണന്‍ നിയമിതനായി. 2016 മുതല്‍ 2021 വരെ കേരള നിയമസഭാ സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണന്‍, പ്രവാസി മലയാളികള്‍ക്കായി ലോകകേരള സഭ എന്ന പൊതുവേദി യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പതിനാലാം കേരള നിയമസഭ സ്പീക്കര്‍ എന്ന നിലയില്‍ പല മാറ്റങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. പി.ശ്രീരാമകൃഷ്ണന്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ നൂനതനവും ക്രിയാത്മകവുമായ പല നടപടികളും ദേശീയ അംഗീകാരം നേടുകയുണ്ടായി. ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിയമനിര്‍മാണ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ജനകീയ ഇടപെടല്‍ സാധ്യമാക്കാനുമുള്ള നിരവധി ഉദ്യമങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായി.
ലോകകേരള സഭ, ഇ-വിധാന്‍ സഭ, സമ്പൂര്‍ണ കടലാസുരഹിത വിധാന്‍ സഭ, സെന്റര്‍ ഫോര്‍ പാര്‍ലമെന്റ് സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ പരിഷ്‌കരണം, പുതിയ കോഴ്‌സുകള്‍, സ്‌കൂള്‍ ഓഫ് പോളീസിസ്, ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പുതിയ പദ്ധതി, ആയിരം ഭരണഘടനാ ക്ലാസ്സുകള്‍, സാക്ഷരതാ മിഷനുമായി ചേര്‍ന്നുള്ള വിവിധ പരിപാടികള്‍ തുടങ്ങിയവ പരിഗണിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി. മുന്‍ ലോക്‌സഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായിട്ടുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ഇതിനു പുറമെ ഈ മേഖലയില്‍ മറ്റു മൂന്ന് ദേശീയ അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കി. നിയമങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പരിശോധിക്കാനുമുള്ള വേദിയായി സംഘടിപ്പിച്ച ഫെസ്്റ്റിവല്‍ ഓണ്‍ ഡെമോക്രസിയില്‍ രാഷ്ട്രപതി സംബന്ധിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞടുത്ത കാമ്പസുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പ്രതിനിധികളായെത്തി. അതിന്റെ ഭാഗമായി നിശാഗന്ധിയില്‍ നടന്ന സിംഫണി ഫോണ്‍ ഹാര്‍മണി എന്ന പരിപാടി ഏറെ ശ്രദ്ധേയമായി. പതിമൂന്നാം കേരള നിയമസഭയില്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് അദ്ദേഹം ആദ്യമായി സാമാജികനായത്.
കേരളാ സ്റ്റേറ്റ് യൂുത്ത് വേല്‍ഫെയര്‍ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി അഞ്ചു വര്‍ഷം പ്രവര്‍ത്തിക്കുകയും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു. മൂവായിരത്തിലധികം യുവജനക്ലബ്ബുകള്‍, യൂത്ത് ബ്രിഗേഡ് തുടങ്ങിയവ സംഘടിപ്പിച്ചു. രാജ്യത്താദ്യമായി കേരള യൂത്ത് ഫോറം തിരുവനന്തപുരത്തും മലപ്പുറത്തുമായി സംഘടിപ്പിക്കാനും അദ്ദേഹം മുന്‍കയ്യെടുത്തു.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം പിന്നീട് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ (ഡബ്ല്യൂ.എഫ്.ഡി.വൈ) ഏഷ്യാ പെസഫിക് കോ-ഓഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം ഡി.വൈ.എഫ്.ഐ മുഖപത്രമായ യുവധാരയുടെ മാനേജിംഗ് എഡിറ്ററായിരുന്നു. സി.പി.എം സംസ്ഥാന സമിതി അംഗമാണ്. കേരളീയ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ നേരത്തേ തന്നെ ഇടപെട്ടു വരുന്ന അദ്ദേഹം പല ലോകരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.