അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌ഐ) 52ആം പതിപ്പിന് ഗോവയിൽ ഇന്ന് തുടക്കമാകും. വൈകിട്ട് ഏഴിന് ശ്യാമപ്രസാദ് സ്‌റ്റേഡിയത്തിൽ ഉൽഘാടന ചടങ്ങുകൾ ആരംഭിക്കും. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, രൺവീർ സിങ്, ശ്രദ്ധ കപൂർ തുടങ്ങിയവർ പങ്കെടുക്കും.
കരൺ ജോഹറും മനീഷ് പോളുമാണ് അവതാരകർ. റിതേഷ് ദേശ്‌മുഖ്, ജനീലിയ, മൗനി റോയ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ദിലീപ് കുമാർ, ബുദ്ധദേബ് ദാസ് ഗുപ്‌ത, സുമിത്ര ഭാവെ എന്നിവർക്ക് ഐഎഫ്‌എഫ്‌ഐ പ്രണാമം അർപ്പിക്കും. കാർലോസ് സോറ സംവിധാനം ചെയ്‌ത സ്‌പാനിഷ് ചിത്രം ‘ദ കിങ് ഓഫ് ഓൾ ദ വേൾഡ്’ ആണ് ഉൽഘാടന ചിത്രം.
കോവിഡ് പശ്‌ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. അതായത്, തിയേറ്ററിലും വെർച്വലായും പ്രദർശനം കാണാം. ഒരു വാക്‌സിൻ ഡോസെങ്കിലും എടുത്തവർക്കാണ് പ്രവേശനം. 73 രാജ്യങ്ങളിൽ നിന്ന് 148 ചിത്രങ്ങൾ അന്താരാഷ്‌ട്ര വിഭാഗത്തിൽ പ്രദർശനത്തിനെത്തും. സുവർണ മയൂര പുരസ്‌കാരത്തിനുള്ള മൽസര വിഭാഗങ്ങളിൽ 15 ചിത്രങ്ങളാണുള്ളത്.
നെടുമുടി വേണു ഉൾപ്പടെ അന്തരിച്ച ചലച്ചിത്ര പ്രമുഖർക്ക് മേളയിൽ ആദരാമർപ്പിക്കും. ഒടിടി പ്‌ളാറ്റ്‌ഫോമുകളുടെ നേതൃത്വത്തിൽ ആദ്യമായി മാസ്‌റ്റർ ക്‌ളാസുകളും സിനിമാ പ്രദർശനവും പ്രിവ്യൂകളും സംഘടിപ്പിക്കുന്നുണ്ട്