കനത്ത മഴ കാരണം കൃഷിനാശം; തക്കാളി വില കുതിക്കുന്നു

0
116

തക്കാളിക്ക് ഒറ്റദിവസം കൂടിയത് 27 രൂപ. കഴിഞ്ഞദിവസം വരെ കിലോഗ്രാമിന്‌ 68 രൂപയായിരുന്ന തക്കാളിവില വ്യാഴാഴ്ച 95 രൂപ വരെയെത്തി. മഴ കാരണമുണ്ടായ കൃഷിനാശമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

പച്ചക്കറി മൊത്തവ്യാപാരം നടക്കുന്ന കണ്ണൂർ മാർക്കറ്റിൽ വ്യാഴാഴ്ച തക്കാളിക്ക് 90 രൂപയാണ്. ബെംഗളൂരുവിൽനിന്നും ഹുൻസൂറിൽനിന്നുമാണ് തക്കാളി കൂടുതലായി ഇവിടെയത്തുന്നത്. കഴിഞ്ഞദിവസം വരെ 66 രൂപയ്ക്കും 70 രൂപയ്ക്കുമായി വിറ്റിരുന്ന നാടൻ തക്കാളിക്കും സാധാരണ തക്കാളിക്കുമെല്ലാം വ്യാഴാഴ്ച മാർക്കറ്റിൽ ഒരേ വിലയാണ്. കഴിഞ്ഞയാഴ്ച വരെ 48 രൂപയ്ക്കായിരുന്നു തക്കാളി വിറ്റിരുന്നത്.

ഉള്ളിക്ക് കിലോഗ്രാമിന്‌ 40 രൂപയാണ് വില. മുരിങ്ങയുടെയും കാപ്‌സിക്കത്തിന്റെയും വില ഇരട്ടിയായി. 70 രൂപയുണ്ടായിരുന്ന മുരിങ്ങയുടെ ഇപ്പോഴത്തെ വില 140 ആണ്. കാപ്‌സിക്കത്തിന്റെ വില 80 രൂപയിൽനിന്ന് 160 ആയി. ഒരു കിലോഗ്രാം വെണ്ടയ്ക്കയുടെ വില 50 രൂപയിൽനിന്ന് 90 രൂപവരെയെത്തി.