വനിതാ ഫോറസ്റ്റ് ഓഫീസറെ കടുവ കടിച്ചു കൊന്നു

0
70

മഹാരാഷ്ട്രയിൽ കടുവയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് ഓഫീസർ കൊല്ലപ്പെട്ടു. ചന്ദ്രപൂർ ജില്ലയിലെ തഡോബ അന്ധാരി ടൈഗർ റിസർവിൽ ആണ് സംഭവം. പട്രോളിംഗിനിടയിലാണ് സ്വാതി എൻ ധുമാനെയെ കടുവ ആക്രമിച്ചത്. രാവിലെ 7 മണിയോടെയാണ് സ്വാതിയുടെ നേതൃത്വത്തിലെ സംഘം ടൈഗർ റിസർവിൽ എത്തിയത്. ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ-2022 ന്റെ ഭാഗമായി കടുവ സർവേയ്ക്കും പട്രോളിംഗിനും വേണ്ടിയാണ് ഇവർ പോയത്. കോലാറ ഗേറ്റിൽ നിന്ന് 4 കിലോമീറ്റർ നടന്നെത്തിയതോടെ സംഘം കടുവയെ കണ്ടു. ഏകദേശം 200 മീറ്റർ അകലെയാണ് കടുവ ഉണ്ടായിരുന്നത്.

അരമണിക്കൂറോളം കാത്തിരുന്നിട്ടും കടുവ റോഡിൽ നിന്നും മാറിയില്ല. തുടർന്ന് ഇവർ മറ്റൊരു ഭാഗത്ത് കൂടി യാത്ര തുടരാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട കടുവ, ഏറ്റവും പിന്നിൽ നീങ്ങുകയായിരുന്ന ധുമനെ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് TATR-ന്റെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജിതേന്ദ്ര രാംഗോങ്കർ പറഞ്ഞു.

വനംവകുപ്പ് ജീവനക്കാരുടെ തെരച്ചിലിനൊടുവിൽ വനത്തിനുള്ളിൽ നിന്ന് സ്വാതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചിമൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഒരു മകളും ഭർത്താവും ഉൾപ്പെടെയുള്ള കുടുംബത്തിന് എല്ലാ അടിയന്തര സഹായവും നൽകുന്നുണ്ടെന്ന് CCF അറിയിച്ചു.