കണ്ണൂർ മാക്കൂട്ടം വഴി കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി

0
82

കണ്ണൂർ മാക്കൂട്ടം വഴി കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി. ഇതോടെ കൊവിഡ് നിയന്ത്രണത്തിൽ അയവുവരുമെന്ന് കരുതിയ അന്തർസംസ്ഥാന യാത്രക്കാർ വലഞ്ഞു. കുടക് ജില്ലാ ഭരണകൂടത്തിന്റെ നിലപാടിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കുടക് നിവാസികൾ.

കൊവിഡ് പശ്ചാത്തലത്തിൽ കർണാടകത്തിലെ കുടക് ജില്ല മാക്കൂട്ടം അതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ 24 വരെ നീട്ടുകയായിരുന്നു. നവംബർ15 വരെ മാത്രമേ നിയന്ത്രണം ഉണ്ടാകുവെന്ന് നേരത്തെ കുടക് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും നടപ്പായില്ല. 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് കർണാടകത്തിലേക്ക് ഇതുവഴി കടത്തിവിടുന്നത്.

മാക്കൂട്ടം ചുരം പാതയിൽ കുടക് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാത്തതിൽ കുടക് നിവാസികളും പ്രതിഷേധത്തിലാണ്. കൊവിഡ് വാക്സിൻ എടുത്തവർക്ക് ഏതു സംസ്ഥാനത്തും നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാമെന്നിരിക്കെയാണ് മാക്കൂട്ടം ചുരം പാത വഴിയുള്ള യാത്രയിൽ കർണാടകം നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്ന് വിരാജ്പേട്ട, മടിക്കേരി, മൈസൂർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിന് ആളുകൾക്കും കർണാടകത്തിലെ വിരാജ്പേട്ട, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള താമസക്കാർക്കും നിയന്ത്രണം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല.